ആശയദാരിദ്ര്യം

ബി-ടെക് ജീവിതത്തിനിടയ്ക്ക് SFI സമാന്തര മാഗസീനുവേണ്ടി എഴുതിയത്..


ഒന്നാം ദിവസം..

           രാവിലെ ചായ കഴിഞ്ഞിരിക്കുമ്പോഴാണ്, ഒരു ചിന്ത.. ഒരു കഥ എഴുതണം. എന്നാൽ എഴുതികളയാം. എന്തിനെ കുറിച്ചെഴുതണം? ആലോചനയായി.. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ആശയദാരിദ്ര്യം.. വൻ ആശയദാരിദ്ര്യം. ആശയദാരിദ്ര്യത്തിന്റെ വൻകടലിൽ ഞാൻ ദിക്കറിയാതെ നീന്തി, ആശയത്തിന്റെ ചെറുതുരുത്തും തേടി. പക്ഷേ കണ്ടുകിട്ടിയില്ല. കഥകളുടെ രാജകുമാരൻ, വാൾട്ട് ഡിസ്നിയെ ഓർത്തു.. ഒരു സിഗരറ്റ് വലിക്കാം. പുകയിൽ എല്ലാമൊന്ന് കലങ്ങി തെളിയട്ടേ.. പ്ഫൂ.. പ്ഫൂ..

രണ്ടാം ദിവസം..

          ആശയദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും എനിക്ക് രക്ഷ നേടാനായിട്ടില്ല. ചിന്തകൾക്ക് ഒട്ടും വ്യക്തതയില്ല. പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് മലയാള സിനിമ സംവിധായകൻ ജോൺ എബ്രഹാമിന്റെ മുഖം. മദ്യ ലഹരിയിൽ ടെറസ്സിൽ നിന്നും മരണത്തിലേക്ക് കൂപ്പ് കുത്തിയ ജോൺ. ആശയചിന്തകൾക്ക് കരുത്ത് പകരാൻ ഇന്ന് മദ്യമായാലോ? അങ്ങനെയാവട്ടെ.. ആരോ ഉള്ളിൽ നിന്ന് മന്ത്രിച്ചു. നാടൻ വാറ്റും താറാമുട്ടയും.. ഗ്ലപ്പ്.. ഗ്ലപ്പ്..

മുന്നാം ദിവസം..

          നല്ല ക്ഷീണം.. ഞാനെന്തിനിയിരുന്നു ഇന്നലെ മദ്യപിച്ചത്. ഓ.. ആശയത്തിനു വേണ്ടി.. എന്റെ കഥയ്ക്കുള്ള  ആശയത്തിന് വേണ്ടി.. എന്നിട്ട് ആശയമെവിടെ? ആ...
      ഒരു പാട്ട് അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തി..
" Ganja is ma meditation..
      Ganja is ma cure.. "
ബോബ് മാർലി.. ആഭ്യന്തര കലഹങ്ങൾ വരെ തന്റെ പാട്ടിലൂടെ ഇല്ലായ്മ ചെയ്ത ബോബ്.. Every little things gonna be alright എന്ന് പാടി ജനലക്ഷങ്ങളെ ആശ്വസിപ്പിച്ച ബോബ്..... ഇന്നെന്തായാലും കഞ്ചാവ് കൂടി പരീക്ഷിച്ചു നോക്കാം. എന്തെങ്കിലും ഒരു ആശയം കിട്ടാതിരിക്കില്ല..
ആഞ്ഞ് വലിച്ചു.. പ്ഫൂ.. പ്ഫൂ..

നാലാം ദിവസം..

         ഉറക്കമുണർന്നപ്പോൾ കഥ എഴുതണം എന്ന ചിന്ത തന്നെ നഷ്ടപ്പെട്ടിരിന്നു. അടുത്ത മയക്കത്തിനുള്ള അന്വേഷണം എത്തിച്ചേർന്നത് LSD ( a powerful hallucinogenic drug ). ദി റോക്ക്സ്ററാർ, കവി ജിം മോറിസൺ. തന്റെ 27ആം വയസ്സിൽ ലഹരി തെളിച്ച തേരിൽ മരണത്തെ പുൽകിയ ജിം മോറിസൺനെ വിചാരിച്ച് ഒരു സ്റ്റാമ്പ് എടുത്തു നാവിൽ വെച്ചു. അത് അലിഞ്ഞ് ഇല്ലാതായി.. എന്റെ ബോധവും..


വരുംദിനങ്ങളിൽ ഇതിങ്ങനെ ആരോഹണത്തിലും അവരോഹണത്തിലും ക്രമം തെററിയും ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്നു. പക്ഷേ.. ആശയം തിരഞ്ഞിറങ്ങിയ എനിക്ക്, എവിടെയോ വെച്ച് എന്നെ തന്നെ നഷ്ടപ്പെട്ടിരിന്നു. ഞാനെവിടെയാണ്...???



പിൻകുറിപ്പ് : പരാമർശിക്കപ്പെട്ട പ്രതിഭകളെല്ലാവരും അമിത ലഹരി ഉപയോഗത്താൽ നേരത്തെ വിടപറഞ്ഞവരാണ്. അവർ ജീവിച്ചിരുന്നെങ്കിൽ നമുക്ക് ലഭിക്കേണ്ടിയിരുന്ന സൃഷ്ടികളെക്കുറിച്ച് ഓർക്കുമ്പോൾ, ആഹ്... നഷ്ട്ടം!!

Comments

Post a Comment

Popular Posts